കോഴിക്കോട്: എലത്തൂരിൽ എട്ടിലധികം പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണെമന്ന് ആരോഗ്യ വകുപ്പ്. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് നിർദ്ദേശം നൽകി. പേവിഷ ബാധ സ്ഥിരീകരിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതിനാൽ തെരുവുനായ ആക്രമണം നേരിട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം, അക്രമകാരികളായ തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള സംസ്ഥാനത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ബാലാവകാശ കമ്മീഷൻ എന്നിവരുടെ ഹർജികളാണ് കോടതിക്ക് മുൻപിലുള്ളത്. വിഷയത്തിൽ കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
Comments