കണ്ണൂർ: തലശ്ശേരിയിൽ യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഏഴ് പേർ റിമാൻഡിൽ. സിപിഎം ഗോപാലപ്പേട്ട ബ്രാഞ്ച് സെക്രട്ടറി പുന്നോൽ കരീക്കുന്ന് ജീനവില്ലയിൽ ജിജേഷ് ജയിംസ്, ദിമിത്രോവ്, ലയേഷ്, ഷക്കീൽ, ജി ജോ, നോയൽ, മുഹമ്മദ് ഫർഹാൻ ബിം ഇമ്പ്രാ ഹിം എന്നിവരാണ് റിമാൻഡിലായത്. തലശ്ശേരി ഗോപാൽ പേട്ട സ്വദേശി ധീരജിനെയാണ് ഹവാലപ്പണം കവർന്നുവെന്ന സംശയത്തിൽ സംഘം തട്ടിക്കൊണ്ടുപോയത്.
ഇക്കഴിഞ്ഞ 18-ന് വൈകീട്ടാണ് ധീരജിനെ നാല് അംഗ സംഘം തട്ടികൊണ്ടു പോയത്. 2.5 കോടി രൂപയടങ്ങിയ ബാഗ് എവിടെയെന്ന് ചോദിച്ച് കാറിൽ വെച്ച് മർദ്ദിച്ചു. ശേഷം രാത്രി പത്തിന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ കയറി പരിശോധന നടത്തുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ധീരജിന്റെ പരാതിയിൽ പറയുന്നു.
കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ നഷ്ടപ്പെട്ട രണ്ടരക്കോടി രൂപ ധീരജിന്റെ കൈയ്യിലുണ്ടെന്ന സംശയത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും സജീവ സിപിഎം പ്രവർത്തകരും, നിരവധി രാഷ്‌ട്രീയ-അക്രമ കേസുകളിൽ പ്രതികളുമാണ്. കേസിൽ രണ്ട് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
Comments