ചെന്നൈ: ആശുപത്രിയിൽ പോകാതെ യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടർന്ന് അമിത രക്തസ്രാവത്താൽ യുവതി മരിച്ചു.തമിഴ്നാട്ടിലെ കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി എം ലോകനായകിയാണ് (27) മരിച്ചത്. സംഭവത്തിൽ ലോകനായകിയുടെ ഭർത്താവ് മാദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വീട്ടിൽ തന്നെ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രസവസമയത്ത് വൈദ്യസഹായം തേടാൻ ഭർത്താവ് വിസമ്മതിക്കുകയും യൂട്യൂബ് വീഡിയോ കണ്ട് പ്രസവം നടത്തുകയും ചെയ്തതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.
ഓർഗാനിക് ഫാമിംഗിന്റെയും സെൽഫ് ഹീലിംഗ് ടെക്നിക്കുകളുടെയും വക്താവായ മാദേഷ്, ലോകനായകിയെ ഗർഭകാലത്ത് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്നും പ്രകൃതിദത്തമായ രീതികളിൽ പ്രസവം മതി എന്ന്നിർബന്ധം പിടിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പോച്ചംപള്ളിക്കടുത്തുള്ള പുളിയംപട്ടി ഗ്രാമത്തിലെ താമസക്കാരിയായ ലോകനായകി ധർമ്മപുരി ജില്ലയിലെ അനുമന്തപുരം ഗ്രാമത്തിലെ താമസക്കാരനായ മാദേഷുമായി 2021 ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കുന്നത്.ബിരുദധാരികളായ ദമ്പതികൾ പ്രകൃതി ചികിത്സയിൽ വിശ്വസിച്ചിരുന്നവരാണെന്നു പറയപ്പെടുന്നു.
ഗര്‍ഭിണിയായതിനെ തുടർന്ന്ലോകനായകിയുടെ ഗർഭം രജിസ്റ്റർ ചെയ്യാൻ സർക്കാർ ഫാർമസി സെന്റർ നഴ്സ് ശ്രമിച്ചിട്ടും മാദേഷ് സമ്മതിക്കില്ലെന്ന് റിപ്പോർട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകളും പോഷക സപ്ലിമെന്റുകളും എടുക്കുന്നതിൽ സഹകരിക്കുന്നില്ലെന്ന് മെഡിക്കൽ ഉദ്യോഗസ്ഥർപരാതിപ്പെട്ടിരുന്നു. ഒടുവിൽ വില്ലേജ് നഴ്സ് മഹാലക്ഷ്മി പലവിധ സമ്മർദ്ദങ്ങൾ ചെലുത്തിയപ്പോൾ മാത്രമാണ് രണ്ട് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ തയ്യാറായത്. ലോകനായകിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ കിടത്തി ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പക്ഷെ മാദേഷ് ലോകനായകിയെ തന്റെ ജന്മദേശമായ പുളിയംപട്ടി ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
ഗർഭകാലത്തെ പോഷക സമ്പുഷ്ട്ടമായ ആഹാരക്രമത്തിനു പകരം മാദേഷ് ലോകനായകിക്ക് പരിപ്പും പച്ചിലകളും മാത്രം ഉൾപ്പെടുന്ന ഭക്ഷണമാണ് നൽകിയത്. ഇതിന്റെ ഒടുവിലാണ് യു ട്യൂബ് വീഡിയോ കണ്ട സ്വയം പ്രസവമെടുക്കാൻ ഇയാൾ തുനിഞ്ഞത്. പക്ഷെ കുഞ്ഞിന് ജന്മം നൽകിയതോടെ ലോകനായകിയുടെ ആരോഗ്യനില വഷളായി. ലോകനായകിയെ പിന്നീട് പോച്ചംപള്ളിക്കടുത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മരണശേഷം ഭർത്താവ് മാദേഷ് ആരെയും അറിയിക്കാതെ മൃതദേഹം നഗരത്തിലേക്ക് കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തി. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപെട്ട ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ ബോച്ചംപള്ളി പൊലീസിനെ അറിയിക്കുകയായിരുന്നു.
യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടില്‍ പ്രസവമെടുക്കുന്ന രീതി മനസ്സിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ പ്രസവമെടുക്കുന്ന വിഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയുകയാണെങ്കിൽ മാദേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
Comments