കൊച്ചി: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണ അധികാര ദുർവിനിയോഗം നടത്തിയാണ് മാസപ്പടി വാങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹർജി. മുഖ്യമന്ത്രി, മകൾ വീണ വിജയൻ, യുഡിഫ് നേതാക്കളായ രമേഷ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ്, പി കെ കുഞ്ഞാലികുട്ടി അടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യപെട്ടാണ് ഹർജി നൽകിയത്.
അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
അധികാര ദുർവിനിയോഗം നടത്തിയാണ് വീണ മാസപ്പടി വാങ്ങിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. അഴിമതി വ്യക്തമാക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നാണ് ഹർജിക്കാരൻ വ്യക്തമാക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ആദ്യം നൽകിയ ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് വിശദമായ സത്യവാങ്മൂലം ഹർജിക്കാരൻ സമർപ്പിച്ചത്.
Comments