മലപ്പുറം: ജനങ്ങളെ വീണ്ടും ഭീതിയിലാക്കി മമ്പാട് കടുവയിറങ്ങി. കടുവയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടതോടെയാണ് ജനങ്ങൾ ഭീതിയിലാഴ്ന്നത്. വടപുറം താളിപ്പൊയിലിലെ പുഴയുടെ തീരത്താണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തുമാണ് കാൽപ്പാടുകൾ കണ്ടത്.
ചാലിയാർ പുഴയുടെ തീരത്ത് കണ്ട കാൽപ്പാടുകൾ വനപാലകർ നടത്തിയ പരിശോധനയിലാണ് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് മാസം മുമ്പും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ കാൽപ്പാടുകളാണ് കണ്ടെത്തിയത്. പുഴ മുറിച്ച് കടന്ന് താളിപ്പൊയിൽ ഭാഗത്തെത്തിയ കടുവ തിരികെ വനമേഖലയിലേക്ക് തന്നെ പ്രവേശിച്ചെന്നാണ് വനപാലകർ പറയുന്നത്.
രണ്ട് മാസം മുമ്പും ചാലിയാർ പഞ്ചായത്തിലെ വെണ്ണക്കോട് കോളനിയിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും തുടർച്ചയായി ലക്ഷണങ്ങൾ കണ്ടതോടെ ക്യാമറകൾ സ്ഥാപിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉടൻ നടപ്പാക്കുമെന്നും എടക്കോട് വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ നാരായണൻ പറഞ്ഞു.
Comments