ന്യൂഡൽഹി : എൻഐഎയ്‌ക്കെതിരെ കോടതിയിൽ പരാതി നൽകി ഐഎസ് ടെറർ മോഡ്യൂൾ കേസിലെ പ്രതി ഷാമിൽ നാച്ചൻ . തന്നെ എൻ ഐ എ ഭയപ്പെടുത്തുന്നുവെന്നും , മർദ്ദിക്കുന്നുവെന്നുമാണ് ഷാമിലിന്റെ പരാതി . എൻഐഎയ്‌ക്കെതിരെ പ്രത്യേക എൻഐഎ കോടതിയിലാണ് അപേക്ഷ നൽകിയത്. ഷാമിൽ നാച്ചന്റെ അഭിഭാഷക താഹിറ ഖുറേഷി പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 23 വരെ കസ്റ്റഡിയിൽ ഉള്ള സമയത്ത് നിരവധി പേപ്പറുകളിൽ ഒപ്പിടാൻ എൻഐഎ ഉദ്യോഗസ്ഥർ പീഡിപ്പിച്ചു.
ഓഗസ്റ്റ് 23-ന് പ്രത്യേക എൻഐഎ കോടതി ഷാമിലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി താഹിറ ഖുറേഷി പറഞ്ഞു. ജയിലിലേക്ക് അയക്കുന്നതിന് മുമ്പ്, ഒരു എൻഐഎ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളെ 15 മിനിറ്റ് കാണാൻ കോടതി അനുവദിച്ചു. കസ്റ്റഡിയിൽ എൻഐഎ ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഷാമിൽ അമ്മയോട് പറഞ്ഞതായി അപേക്ഷയിൽ പറയുന്നു.
ഷാമിലിന്റെ അഭിഭാഷക സമർപ്പിച്ച മൂന്ന് അപേക്ഷകളിൽ എൻഐഎ ഉദ്യോഗസ്ഥർ ഷാമിൽ നാച്ചനോട് വളരെ ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു . ഷാമിലിന്റെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിന്റെ രേഖകൾ, എൻഐഎ ആസ്ഥാനത്തെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങൾ, പിടിച്ചെടുത്ത ഹാർഡ് ഡിസ്കിന്റെ മിറർ ഇമേജ് എന്നിവ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാമിലിന്റെ അഭിഭാഷകൻ മൂന്ന് അപേക്ഷകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
അതേസമയം ബുധനാഴ്ച, കസ്റ്റഡി അവസാനിച്ചതിന് ശേഷം ഷാമിൽ നാച്ചനെ കോടതിയിൽ ഹാജരാക്കിയപ്പോൾ, എൻഐഎ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പ്രത്യേക കോടതി ചോദിച്ചിരുന്നു . എന്നാൽ എൻഐഎയുമായി ഒരു പ്രശ്നവുമില്ലെന്നാണ് അപ്പോൾ ഷാമിൽ പറഞ്ഞത് . എന്നാൽ, എൻഐഎ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി ഷാമിൽ നാച്ചന്റെ അഭിഭാഷക താഹിറ ഖുറേഷി കോടതിയിൽ പറയുകയായിരുന്നു .
Comments