ലക്‌നൗ: മധുരൈ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യവും ഉറപ്പാക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി യുപി സർക്കാർ ഹെൽപ് ഡെസ്‌കുകൾ തുറന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് 10 പേരുടെ ജീവൻ അപഹരിച്ച ട്രെയിൻ ദുരന്തമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലക്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ കാപ്പി ഉണ്ടാക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് യാത്ര തുടങ്ങിയ ട്രെയിനിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുരന്തത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ദുരന്തത്തിൽപ്പെട്ടവരുടെ വിയോഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.
Comments