മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസിലെ ഒന്നാം പ്രതി താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജിനേനേഷ്, സിപിഒമാരായ ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, നാലാം പ്രതിയായ തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചത്. കൊലപാതക കുറ്റം, അന്യായമായി തടങ്കലിൽ വെയ്ക്കുക, ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, ആയുധം ഉപയോഗിച്ച് ഗുരുതരമായി മർദ്ദിക്കുക എന്നീ കുറ്റങ്ങളാണ് പ്രിതകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലക്കുറ്റം ചുമത്തിയ നാല് പ്രതികളും ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. കേസിൽ കൂടുതൽ പേർ പ്രതികളായേക്കും. 60-ഓളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. താമിർ ജിഫ്രി കൊല്ലപ്പെട്ട ദിവസം സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
Comments