മദ്യപാനത്തിനിടെ എസ്ഐ സുഹൃത്തിനെ വിറകുകൊള്ളികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ ദിനേശൻ കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവനെ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലെ അടുക്കളയിൽ അടിച്ചു കൊലപ്പെടുത്തിയത്. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രതിയായ കേസ് വളപട്ടം ഇൻസ്പെക്ടർ ജേക്കബായിരുന്നു അന്വേഷിച്ചത്.
എന്നാൽ വിശദമായി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ചുമതല ഏറ്റെടുത്തു. മയ്യിൽ ഇൻസ്പെക്ടർ ടിപി സുമേഷും ഡിവൈഎസ്പി ടിപി രത്നകുമാറും നടത്തിയ അന്വേഷണത്തിൽ കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.
മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ താവളത്തിലാണ് കൊലപാതകം നടന്നതെന്നും സംഭവത്തിൽ ദുരൂഹതകളേറെയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഓണം കഴിഞ്ഞാലുടൻ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു കൊല്ലപ്പെട്ട സജീവൻ. വീട്ടിലേക്ക് സാധനം വാങ്ങാനിറങ്ങിയ സജീവൻ മരിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് പ്രദേശവാസികൾ അറിഞ്ഞത്. ഇവിടെ ഒരാൾക്ക് ഒറ്റക്ക് ഇങ്ങനൊരു കൃത്യം നടത്താനാവില്ലെന്ന് കാട്ടി വിവിധയിടങ്ങളിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Comments