പത്തനംതിട്ട: പാർത്ഥസാരഥിക്ക് നിവേദ്യമൊരുക്കുന്നതിനുള്ള അരി ഒരുങ്ങുന്നു. പിന്നാലെ ആറന്മുളയിൽ തോണിയും നീരണിഞ്ഞു. ആറന്മുള പാർത്ഥ സാരഥിക്ക് തിരുവോണത്തിന് നിവേദ്യം ഒരുക്കുന്നതിന് വേണ്ടിയാണ് ആചാര പ്രകാരം കാട്ടൂരിൽ നെല്ലുകുത്തോടെ വിഭവങ്ങൾക്ക് വേണ്ടിയുള്ള സമാഹരണം ആരംഭിച്ചത്. കാട്ടൂരിലെ 18 നായർ കുടുംബങ്ങളുടെ നേതൃത്വത്തിലാണ് സമാഹരണം. ഉരലിൽ കുത്തി അരിയാക്കിയെടുത്താണ് തിരുവോണത്തോണിയിൽ പോകുന്നത്. മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ നിവേദ്യമൊരുക്കുന്നതിനായി ആഘോഷപൂർവ്വമാണ് യാത്ര.
ഇതിന് മുന്നോടിയായി ആറന്മുള ക്ഷേത്രത്തിൽ നിന്നും ചോതി നാളിൽ അളന്നു നൽകിയ നെല്ല് ആചാരങ്ങളുടെ ഭാഗമായി കാട്ടൂർ ക്ഷേത്രത്തിലെത്തിച്ചിരുന്നു. പമ്പാ തീരത്ത് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് നെല്ല് കുത്തുന്നത്. തോണി യാത്രയ്‌ക്ക് തുടക്കം കുറിക്കുന്നതും ഈ ക്ഷേത്രക്കടവിൽ നിന്നു തന്നെയാണ്. ചോതി നാളിൽ അളന്നു നൽകുന്ന നെല്ല് വിശാഖം നാളിലാണ് കുത്തി തുടങ്ങുക. ശേഷം തോണിയിൽ കയറുവാൻ അവകാശമുള്ളത് കരയിലെ 18 നായർ കുടുംബത്തിലെ അംഗങ്ങൾക്കാണ്.
തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി നാളിൽ കാട്ടൂർ മഠത്തിന് ലഭിക്കുന്ന നെല്ല് 18 നായർ തറവാട്ടിലെ സ്ത്രീകൾ വ്രതശുദ്ധിയോടെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് തന്നെ കുത്തിയെടുക്കും. ശേഷം അരിയാക്കി തിരുവോണത്തോണിയിൽ തിരുവാറന്മുളയപ്പനുള്ള തിരുവോണ വിഭവങ്ങളുടെ സമർപ്പണത്തിന് വേണ്ടി നൽകും.
Comments