കാസർകോട്: ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ ട്രാക്ക് വുമൺ വിരമിച്ചു. പി. രമണിയാണ് തന്റെ 41 വർഷത്തെ സേവനത്തിന്ശേഷം പയ്യനൂർ സെക്ഷനിൽ നിന്നും വിരമിക്കുന്നത്. ‘ട്രാക്ക് വുമൺ’ പോസ്റ്റിൽ ആദ്യമായി നിയമിതമായ സ്ത്രീയാണ് രമണി.
19-ാം വയസിൽ താത്കാലികമായി ജോലിയിൽ പ്രവേശിച്ച രമണി നിർത്തിയിടുന്ന ട്രെയിനുകളുടെ പരിപാലനമായിരുന്നു ചെയ്തിരുന്നത്. പിന്നീട് ട്രാക്ക് വുമണായി സ്ഥിരപ്പെടുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച സമയത്ത് ട്രാക്മാനിന്റെ വേഷം ട്രൗസറായതിനാൽ അത് ധരിച്ച് തൊഴിൽ ചെയ്യാൻ കഴിയില്ലെന്നറിയിച്ച രമണിയ്ക്ക് സാരി യൂണിഫോമായി നൽകുകയായിരുന്നു.
ഇളകി പോകുന്ന ട്രാക്കിലെ നട്ടുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കുന്നതും വിള്ളൽ കണ്ടെത്തിയാൽ ട്രെയിൻ നിർത്താൻ സിഗ്നൽ നൽകുകയുമായിരുന്നു രമണിയുടെ പ്രധാന ജോലി. ഈ മാസം 31-ന് പയ്യനൂർ സ്റ്റേഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ട്രാക്ക് വുമൺ പാളങ്ങളോട് ഔദ്യോഗികമായി യാത്ര പറയും.
Comments