തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് അർഹരായ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം ആളുകൾക്കാണ് ഇനിയും ഓണക്കിറ്റ് ലഭിക്കാനുള്ളത്. എന്നാൽ ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ വാദം.
ഇന്നലെ രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച് 2,59,944 പേർക്കാണ് കിറ്റുകൾ ലഭിച്ചിട്ടുള്ളത്. ഇനിയും 3,27,737 റേഷൻകാർഡ് ഉടമകൾക്ക് കൂടി സംസ്ഥാനത്ത് കിറ്റ് ലഭിക്കേണ്ടതുണ്ട്. മുഴുവൻ റേഷൻ കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാക്കുമെന്നുമാണ് സർക്കാർ വാദം. ഓണത്തിനോടനുബന്ധിച്ച് റേഷൻ കടകൾ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെ ഇടവേളകളില്ലാതെ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.
ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്ക് പുറമേ സംസ്ഥാനത്ത് ഇ-പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രതിസന്ധിക്ക് കാരണമായിരുന്നു. പിന്നാലെ ഒടിപി വെരിഫിക്കേഷനിലൂടെയുള്ള വിതരണം മാത്രമാണ് ഇന്നലെ നടന്നത്. പത്തരയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും തുടർന്ന് നടന്ന കിറ്റ് വിതരണവും സാവധാനത്തിലായിരുന്നു.
Comments