എറണാകുളം: ഇത്തവണ കപ്പ്രശ്ശേരി ഗ്രാമം ഓണത്തിനെ വരവേറ്റത് പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായാണ്. 40 അടി നീളത്തിൽ ചിത്രമതിൽ തീർത്താണ് ഗ്രാമം ഓണഘോഷത്തെ വ്യത്യസ്ഥമാക്കിയത്. ചിത്രമതിലിൽ കഥകളിയും തെയ്യവും ഉൾപ്പെടെ കേരളത്തിന്റെ സാംസ്‌കാരിക കലാരൂപങ്ങളും നവോത്ഥാന നായകരുടെ ചിത്രങ്ങളും ഉൾപ്പെടെ വരച്ച് വിസ്മയക്കാഴ്ച തീർത്തിരിക്കുകയാണ് കപ്പ്രാശ്ശേരിയിലെ തുമ്പപ്പൂ പ്രവർത്തകർ.
ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും മലനാടിന്റെ പൈതൃക കലകളും സ്ഥാനം പിടിച്ച ചിത്രമതിൽ വേറിട്ട കാഴ്ചയായി. യുവ ചിത്രകാരനായ ദിനേശൻ കപ്രശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രമതിൽ ഒരുക്കിയിട്ടുള്ളത്. നാല് ദിവസം കൊണ്ടാണ് കറുപ്പ് നിറത്തിൽ കടും നിറത്തിലുള്ള വർണ്ണക്കൂട്ടുകൾ ചേർത്ത് ചിത്രങ്ങൾ തയാറാക്കിയിട്ടുള്ളത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വർണ്ണക്കാഴ്ചയുടെ ഭാഗമായിരുന്നു. എട്ട് വർഷം മുമ്പാണ് ഒരു കൂട്ടം യുവാക്കൾ തുമ്പപ്പൂ എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകിയത്. സംഘം വ്യത്യസ്തമായ രീതിയിലാണ് ഓരോ വർഷവും ഓണം ആഘോഷിച്ചു വരുന്നത്.
Comments