ശ്രീനഗർ : കശ്മീർ പെൺകുട്ടികൾക്കായി വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം .ചിനാർ കോർപ്സിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ കാശ്മീർ ഡിവിഷന്റെ വിവിധ കോണുകളിൽ നിന്നുള്ള 12 വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു . അന്താരാഷ്‌ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ മിതാലി രാജും മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തി. ബുർഖ ധരിച്ച് വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന പെൺകുട്ടികളാണ് ഇന്ന് സൈന്യം സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുക്കാനെത്തിയത് .
ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു . വനിതാ ക്രിക്കറ്റ് ലീഗിലെ വിജയികൾക്ക് മനോജ് സിൻഹ അഭിനന്ദനങ്ങൾ അറിയിച്ചു. കശ്മീർ സ്ത്രീകളെ മുന്നോക്കം കൊണ്ടുവരാനുള്ള ചിനാർ കോർപ്സിന്റെ മുൻകൈയെ അഭിനന്ദിച്ച ലെഫ്റ്റനന്റ് ഗവർണർ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിലും കായിക വിനോദങ്ങളിലൂടെ അവരെ ശാക്തീകരിക്കുന്നതിലും സൈന്യത്തിന്റെ പങ്ക് മഹത്തരമാണെന്നു ചൂണ്ടിക്കാട്ടി.
കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലൂടെയും വിദൂര പ്രദേശങ്ങളിലെ പെൺകുട്ടികൾക്കിടയിൽ ശക്തമായ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെയും, സൈന്യം മഹത്തായ മാതൃകയാണ് കാട്ടിത്തരുന്നത് .ജമ്മു കശ്മീരിലെ പെൺമക്കൾ നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും മറികടന്ന് വ്യത്യസ്ത മേഖലകളിൽ തിളങ്ങുന്നു. കൃഷി, വ്യവസായങ്ങൾ, ഐടി, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ തങ്ങളുടെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നു. സ്പോർട്സ് രംഗത്ത് പോലും അവർ പിന്നോട്ടില്ലെന്ന് തെളിയിച്ചു,” മനോജ് സിൻഹ പറഞ്ഞു .
Comments