ഇടുക്കി: പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേ ആക്രമണം. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാനായി ചിന്നക്കനാലിലെത്തിയ കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ ദീപക്കിന് കുത്തേറ്റു.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ തേടിയാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. പ്രതികളിൽ രണ്ടുപേരെ പോലീസ് സംഭവ സ്ഥലത്തുനിന്നും പിടികൂടിയിരുന്നു. ഇതുകണ്ട് പിന്നാലെ വന്ന സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ തന്നെ രക്ഷപ്പെടുത്തി. പോലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ ഊരിയെടുത്താണ് സംഘം പോയത്.
എസ്ഐ ഉൾപ്പെടെ അഞ്ച് പേരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ കുത്തേറ്റ സിപിഒ ദീപക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഘർഷത്തിൽ മറ്റ് രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
Comments