ജമ്മു: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയുടെ കമാൻഡർ അബ്ദുൾ റാഷിദിന്റെ ജമ്മുവിലുള്ള സ്ഥലം കണ്ടുകെട്ടി പോലീസ്. ജഹാംഗീർ എന്ന് അപരനാമത്തിലറിയപ്പെടുന്ന അബ്ദുൾ റാഷിദിന്റെ ദോഡയിലുള്ള താത്രി മേഖലയിലെ ഫാഗ്‌സൂ ഗ്രാമത്തിലുള്ള സ്വത്തുക്കളാണ് ജമ്മുകശ്മീർ പോലീസ് കണ്ടുകെട്ടിയത്. താത്രി പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. നാല് കനാലുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പോലീസ് കണ്ടുകെട്ടിയിരിക്കുന്നത്.
ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചുകൊണ്ടുള്ള ബോർഡും പോലീസ് സ്ഥാപിച്ചിട്ടുണ്ട്. അബ്ദുൾ റാഷിദ് നിലവിൽ പാക് അധീന കശ്മീരിലാണ് കഴിയുന്നതെന്നാണ് വിവരം. സുരക്ഷാ സേനയ്‌ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണ് അബ്ദുൾ റാഷിദ്. ദോഡയിലെ ധാരാളം യുവാക്കളെ ഭീകരവാദത്തിൽ ചേരാൻ പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതുവരെ 160ഓളം വരുന്ന ഭീകരരുടെ സ്വത്തുക്കൾ ജമ്മുകശ്മീർ പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പാകിസ്താനിൽ ഇരുന്ന് ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തുന്നവരാണ്.
Comments