ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം ആരോഗ്യവും സന്തോഷവും സമൃദ്ധിയും വർഷിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം ഒരു ആഗോള ഉത്സവമായി മാറിയെന്നും ഓണം കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാഷ്‌ട്രപതിയും ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പകരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്‌ട്രപതി ആശംസിച്ചു.
മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നായിരുന്നു ഓണാശംസ സന്ദേശത്തിൽ ഗവർണർ വ്യക്തമാക്കിയത്. പൂക്കളവും ഓണക്കോടിയും സദ്യയും ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ഓണം കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹ സന്ദേശം കൂടിയാണെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
Comments