തിരുവനന്തപുരം: കൊടും ചൂടിന് ചെറിയൊരു ആശ്വാസം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ ഇല്ല. തെക്കൻ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കേരളത്തിന് മുകളിലെ ഈർപ്പന്തരീക്ഷവും അറബിക്കടലിലെ മേഘങ്ങളുടെ സാന്നിധ്യവും മഴയ്ക്ക് അനുകൂലമാണ്. ഇന്നലെ രാത്രി തലസ്ഥാനത്ത് പലയിടങ്ങളിലും മിതമായ തോതിൽ മഴ ലഭിച്ചിരുന്നു.
മഴ ആവശ്യമായ അളവിൽ ലഭിക്കാത്തതിനാലും സംസ്ഥാനത്ത് ചൂട് കൂടുന്നതിനാലും പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെയുള്ള സമയം നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. സംഭാരം പോലുള്ള പാനീയങ്ങളുടെ ഉപയോഗം കൂട്ടുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Comments