ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വലിയ രാഖി നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാനൊരുങ്ങി കരകൗശല വിദഗ്ധർ. മദ്ധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലുള്ള കരകൗശല വിദഗ്ധനായ അശോക് ഭരദ്വാജാണ് രാഖി നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 25 അടിയോളം നീളമുള്ള രാഖിയാണ് സംഘം നിർമ്മിക്കുന്നത്.
14 ദിവസങ്ങൾക്ക് മുമ്പാണ് അശോക് തന്റെ ഫാം ഹൗസിൽ രാഖിയുടെ നിർമ്മാണം ആരംഭിച്ചത്. രണ്ടാഴ്ച കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നിലവിലെ ഏറ്റവും വലിയ രാഖിയുടെ റെക്കോർഡുകൾ വിശദമായി പരിശോധിച്ച ശേഷമാണ് അദ്ദേഹം രാഖി നിർമ്മാണം തുടങ്ങിയത്.
പത്തിലധികം ശില്പികളുടെ സഹായത്തോടെയാണ് അശോക് രാഖി നിർമ്മാണം പൂർത്തിയാക്കിയത്. ഫാബ്രിക് പെയിന്റുകൾ, മരത്തടികൾ, കാർഡ്‌ബോർഡ്, തെർമോക്കോൾ ഷീറ്റുകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് രാഖി തയ്യാറാക്കിയത്. രണ്ട് 15 അടി വിസ്തൃതിയുള്ള മെറ്റാലിക് ഡെക്കറേറ്റീവ് ബോളുകൾ രാഖിയിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഫാബ്രിക്കേഷൻ ജോലി, കളറിംഗ്, അലങ്കാര വസ്തുക്കൾ ഘടിപ്പിക്കൽ തുടങ്ങിയ ഓരോ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായാണ് പൂർത്തീകരിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് പുറമേ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയും തന്റെ കരകൗശലത്തിന് അംഗീകാരം നൽകുമെന്നാണ് വിശ്വസിക്കുന്നതെന്ന് അശോക് ഭരദ്വാജ പറഞ്ഞു.
Comments