ചേർത്തല: തിയറ്ററിൽ വെച്ച് ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം തിയറ്ററിൽ വെച്ച് യുവതിയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവം അറിഞ്ഞ് തിയറ്ററിൽ എത്തിയ പോലീസുകാരെ ആക്രമിച്ച നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാരെ മർദ്ദിച്ച സംഭവത്തിൽ കഞ്ഞിക്കുഴി സ്വദേശികളായ റെനീഷ് (കണ്ണൻ-31), മിഥുൻ രാജ് (മഹേഷ്-31),വിജിൽ വി. നായർ (32) എന്നിവരാണ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുഹമ്മ സ്വദേശികളായ ബിനോയ് (40), ശരച്ചന്ദ്രൻ (20), സച്ചിൻ (കണ്ടപ്പൻ-29), അനൂപ് (പാപ്പൻ-28) എന്നിവരാണ് പിടിയിലായത്.
ചേർത്തലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവരമറിഞ്ഞ് തിയറ്ററിൽ എത്തി പ്രതികളെ തിരയുന്നതിനിടെയാണ് നാലുപേർ ചേർന്ന് പോലീസിനെ ആക്രമിച്ചത്. എസ്.ഐ. ആന്റണിയുടെ നേർക്ക് കൈ തിരിക്കുകയും ഷർട്ടിൽ കുത്തിപ്പിടിക്കുകയും ചെയതു. എന്നാൽ, പോലീസ് അക്രമികളെ കീഴ്പ്പെടുത്തി. രണ്ടുസംഘവും പരസ്പരം അറിയുന്നവരല്ല. ഒരു പ്രകോപനവുമില്ലാതെയാണു രണ്ടാമത്തെസംഘം പോലീസിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments