ഭോപ്പാൽ: രക്ഷാബന്ധൻ ഉത്സവം തികച്ചും വ്യത്യസ്തമായി ആഘോഷിച്ച് മദ്ധ്യപ്രദേശിലെ ഗുണവത്തിലെ ഗ്രാമീണർ. വീരമൃത്യു വരിച്ച സൈനികന്റെ വിധവയ്ക്ക് ഹൃദയത്തിൽ തൊടുന്ന വരവേൽപ്പ് നൽകി കൊണ്ടാണ് രത്ലാം ജില്ലയിൽ നിന്നുള്ള യുവാക്കൾ മാതൃകയായത്. വീരചരമം പ്രാപിച്ച കനയ്യലാൽ ജാട്ടിന്റെ ഭാര്യ സ്വപ്നയ്ക്കാണ് തികച്ചും വ്യത്യസ്തമായ ആദരവ് നൽകിയത്.
സൈനികനായ ഭർത്താവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് രക്ഷാബന്ധൻ ദിനത്തിലാണ് സംഘടിപ്പിച്ചത്. പ്രതിമ അനാച്ഛാദനത്തിനെത്തിയ യുവതിയെ ഇരുകൈകളും നിലത്ത് വിരിച്ച് അതിലൂടെയാണ് ഗ്രാമീണരായ യുവാക്കൾ ആനയിച്ചത്. ഷഹീദ് സമരത മിഷന്റെ പ്രവർത്തകരാണ് സൈനികന്റെ പ്രതിമ നിർമ്മിച്ചത്. 2021 മെയ് 21 ന് സിക്കിമിൽ നടന്ന ഏറ്റുമുട്ടലിലാണ് കനയ്യലാൽ വീരമൃത്യു വരിച്ചത്.
വീരമൃത്യു വരിച്ച സൈനികരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഷഹീദ് സമരത മിഷൻ കാഴ്ചവെക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കനയ്യലാൽ ജാട്ടിന്റെ മാതാപിതാക്കളെയും ഗ്രാമീണർ ആദരിച്ചു. ഇത്തരം ഒരു സ്നേഹാദരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സ്വപ്ന കണ്ണീരൊടെ പറഞ്ഞു.
Comments