ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തിയേക്കില്ല. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങാണ് ചൈനയെ പ്രതിനിധീകരിച്ച് സമ്മേളനത്തിനെത്തുക.
ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളുടെ വാക്‌പോര് നടക്കുന്നതിനിടായാണ് ജി20 യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ തീരുമാനം. അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാൻഡേർഡ് മാപ്പിനെ’ ഇന്ത്യ തള്ളിയതിന് പിന്നാലെയാണിത്. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച് ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും കേന്ദ്രസർക്കാർ രേഖപ്പെടുത്തിയിരുന്നു.
സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി വൻ സുരക്ഷാ സന്നാഹങ്ങളാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സും വിപുലമായ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ മുഴുവൻ പ്രദേശത്തും സുരക്ഷ ഒരുക്കാനാണ് വ്യോമസേനയുടെ തീരുമാനം.
Comments