ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ വർഷത്തെക്കാൾ 57.69 അടി വെള്ളം കുറവാണ് അണക്കെട്ടിൽ. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകിട്ടത്തെ അണക്കെട്ടിലെ ജലനിരപ്പ്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയം 2385.94 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നിലവിൽ അണക്കെട്ടിൽ 29.32 ശതമാനം ജലമാണുള്ളത്.
കഴിഞ്ഞ രണ്ടാഴ്ചയായി വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വളരെ അധികം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്ക് ശേഷം ബുധനാഴ്ചയായിരുന്നു ചെറിയ തോതിൽ മഴ ലഭിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗവും കൂടിയിട്ടുണ്ട്. 24 മണിക്കൂറിൽ 6.285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ച് പ്രതിദിനം മൂലമറ്റം വൈദ്യുത നിലയത്തിൽ നിന്ന് ഉണ്ടാക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്പാദനം നിലയ്‌ക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്‌ക്ക് പോകുമെന്നത് ഉറപ്പാണ്. ഇതിലൂടെ വൈദ്യുത ചാർജ് വർധനയുണ്ടാകാനും സാധ്യതയേറെയാണ്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞാൽ കൂടിയ വിലയ്‌ക്ക് സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരാകും.
Comments