ന്യൂഡൽഹി: ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തുന്ന ലോക നേതാക്കൾക്ക് വിളമ്പാനായി പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഒരുക്കി താജ് ഹോട്ടൽ. ധാന്യങ്ങൾ ഉൾപ്പെടുത്തിയ വിഭവങ്ങളാണ് താജ് ഹോട്ടൽ തയ്യാറാക്കുന്നത്. ഇന്ത്യൻ, വിദേശ ഭക്ഷണങ്ങൾക്ക് പുറെമേ, ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തി വിഭവങ്ങൾ തയ്യാറാക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് താജ് ഹോട്ടലിലെ ചീഫ് ഷെഫ് പറഞ്ഞു.
ഇന്ത്യൻ പലഹാരങ്ങൾ, പ്രധാന ഇന്ത്യൻ ഉച്ചഭക്ഷണമായ താലി എന്നിവയിലും ചെറു ധാന്യങ്ങൾ ചേർത്തുള്ള വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക നേതാക്കൾക്കായി ഇന്ത്യൻ വിഭവങ്ങളോടൊപ്പം ലോകത്തെ വിവിധ ഇടങ്ങളിലെ വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. 500 ൽ അധികം വിഭവങ്ങളാണ് ജി20-ൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരുക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തിയിട്ടുളള പാചക സംഘത്തിൽ 120 ൽ അധികം പേരാണുള്ളത്.
ഐക്യരാഷ്ട്ര സംഘടന 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരിക്കുകയാണ്. അതിനാലാണ് ജി20 ൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന ഭക്ഷണത്തിൽ പ്രധാനമായും മില്ലറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. തിന(Foxtail millet), റാഗി (പഞ്ഞപ്പുല്ല് Finger Millet), ബാജ്റ (Pearl Millet), ചോളം (മണിച്ചോളം- Sorghum Millet), ചാമ (Little Millet), വരഗ് (Kodo millet), പനി വരഗ് (Proso Millet), കുതിരവാലി (Barnyard Millet) തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും കൃഷി ചെയ്യപ്പെടുന്ന ചെറുധാന്യങ്ങള്‍. ഇതില്‍ ബാജ്റ, ചോളം എന്നിവ രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും ഗുജറാത്തിലുമാണ് കൃഷി ചെയ്യുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, കേരളം എന്നിവിടങ്ങളിലാണ് ചോളം കൂടുതലായി വിളയുന്നത്. തമിഴ്നാട്ടിലെയും ഗുജറാത്തിലെയും പ്രധാന വിളയാണ് റാഗി.
ഇന്ത്യ അദ്ധ്യക്ഷനായ ജി 20 ഉച്ചകോടി സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലാണ് നടക്കുന്നത്. ലോകനേതാക്കൾ എത്തുന്നതിനാൽ വൻ സുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
Comments