സെപ്തംബർ-2, ലോക നാളികേര ദിനം. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ തെങ്ങിന്റെ നന്മകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അതുവഴി ഈ വിളയെ നട്ടുവളർത്താനും, സംരക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക എന്നതാണ് നാളികേരദിനത്തിന്റെ ലക്ഷ്യം. 2023 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം ‘വർത്തമാന – ഭാവി തലമുറയ്‌ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക’ എന്നതാണ്.
ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ നിർദേശപ്രകാരമാണ് നാളികേരദിനം ആചരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾ ചേർന്നാണ് സംഘടന രൂപികരിച്ചത്. ഇന്തോനേഷ്യയിലെ ജക്കാർത്തയാണ് ആസ്ഥാനം. ഏഷ്യൻ രാജ്യങ്ങളിലെ തേങ്ങയുടെ വളർച്ച, ഉത്പാദനം, കയറ്റുമതി എന്നിവയെ ഏകോപ്പിക്കാനും പിന്തുണയ്‌ക്കാനുമായാണ് 1969-ൽ ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി സ്ഥാപിതമായത്. ഇന്ത്യയ്‌ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലാൻഡ്, കെനിയ, വിയറ്റ്നാം തുടങ്ങി 20 ഓളം രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്. 1969 സെപ്തംബർ 2 നാണ് എ.പി.സി.സി സ്ഥാപിതമായത്. ഈ ദിനത്തിന്റെ സ്മരണയ്‌ക്കായാണ് 1988- മുതൽ നാളികേര ദിനമായി ആചരിക്കുന്നത്. 2009-ലാണ് ഇത് വിപുലമായി ആചരിക്കാൻ തുടങ്ങിയത്.
ഇന്ത്യയും കേരളവും പിന്നെ നാളികേരവും
നമ്മുടെ കല്‍പ്പവൃക്ഷമാണ് തെങ്ങ്. കൊക്കോസ് ന്യൂസിഫെറ എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിൽ പ്രാചീന കാലത്ത് തെങ്ങ് ഉണ്ടായിരുന്നതായി തെളിവില്ല. ആദ്യകാലങ്ങളിൽ ഈ തെങ്ങുകൾ കാർഷിക വിളയായി കണക്കാക്കിയിരുന്നില്ല. ഡച്ചുകാരാണ് മലയാളികളെ ശാസ്ത്രീയമായ രീതിയിൽ തെങ്ങു കൃഷി പഠിപ്പിച്ചത്. തെങ്ങിന്റെ പ്രഭവസ്ഥാനം മലേഷ്യയെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ‘ന്യോർകാലി’ എന്ന മലേഷ്യൻ പദത്തിൽ നിന്നാണ് ‘നാരികേലി’ എന്ന സംസ്‌കൃതപദം ഉണ്ടായത്. അത് ലോപിച്ച് മലയാളത്തിൽ ‘നാളികേരം’ എന്നാവുകയും ചെയ്തു.
ഇന്ത്യയിൽ തമിഴ്‌നാട്, കർണാടക, കേരളം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെങ്ങ് പ്രധാനമായും കൃഷി ചെയ്യുന്നത്. കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായുള്ള പ്രധാന പ്രശ്‌നം അനുദിനം കുറഞ്ഞു വരുന്ന തെങ്ങുകളുടെ എണ്ണവും, തെങ്ങിൻ തോട്ടത്തിന്റെ വിസ്തൃതിയുമാണ്. കഴിഞ്ഞ 10 വർഷത്തെ കണക്കു പരിശോധിച്ചാൽ വിസ്തൃതിയിൽ ഏകദേശം ഒരു ലക്ഷം ഹെക്ടറിന്റെ കുറവു വന്നതായി കാണാം. ലോകത്തിലെ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, 2021-22 കാലഘട്ടത്തിൽ 19,247 ദശലക്ഷം ഉൽപ്പാദിപ്പിച്ച് ആഗോള ഉൽപാദനത്തിന്റെ 31.45% കൈയടക്കി . രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (ജിഡിപി) 307,498 ദശലക്ഷം (3.88 ബില്യൺ യുഎസ് ഡോളർ നാളികേരത്തിന്റെ സംഭാവന.
Comments