തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനകളിൽ പിഴയിനത്തിൽ ഈടാക്കിയത് 41.99 ലക്ഷം രൂപ. വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിലായി ആയിരത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 17 മുതൽ ഉത്രാടം ദിവസം വരെ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് ലീഗൽ മെട്രോളജി വകുപ്പ് പുറത്തുവിട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കൺട്രോളർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വിൽപ്പന നടത്തിയതിന്
746 കേസുകൾ, പാക്കേജ്ഡ് കമോഡിറ്റീസ് നിയമ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാതെ പായ്ക്കറ്റ് വിൽപ്പന നടത്തിയതിന് 220 കേസുകൾ, രജിസ്ട്രേഷനില്ലാതെ പായ്ക്കറ്റ് സാധനങ്ങൾ വിറ്റതിന് 125 കേസുകൾ, അളവിലും തൂക്കത്തിലും തിരിമറി നടത്തിയതിന് 37 കേസുകൾ, അമിത വില ഈടാക്കിയതിന് 29 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ അറിയിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി നടത്തിയ 1,419 പരിശോധനകളിലായി 17,74,500 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും മെട്രോളജി വകുപ്പ് പരിശോധന നടത്തിയിരുന്നു. വിവിധ വകുപ്പുകളിലായി 94 കേസുകളുകാണ് രജിസ്റ്റർ ചെയ്തതെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
Comments