ബെയ്ജിംഗ്: ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ല. ജക്കാർത്തയിലെ ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ നിന്നും ചൈനീസ് പ്രസിഡന്റ് വിട്ടുനിൽക്കും. അദ്ദേഹത്തിന് പകരം ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ്ങ് പങ്കെടുക്കമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചു. പ്രസിഡന്റ് ഷി ജിൻപിംഗ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ചൈനയിൽ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് ജി 20 സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളുടെ വാക്പോര് നടക്കുന്നതിനിടായാണ് ജി20 യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ. അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാൻഡേർഡ് മാപ്പിനെ’ ഇന്ത്യ തള്ളിയിരുന്നു. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച് ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്രസർക്കാർ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ജി 20 യോഗത്തിൽ നിന്ന് ഷി ജിൻപിംഗ് വിട്ടുനിൽക്കുമെന്ന സൂചന ലഭിച്ചിരുന്നു.
സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്ന രണ്ടാമത്തെ ജി 20 നേതാവാണ് ഷി ജിൻപിംഗ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരത്തെ അറിയിച്ചിരുന്നു. റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാകും പങ്കെടുക്കുക.
ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ തർക്കത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. 2020 മെയിലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷമുള്ള ഇരു നേതാക്കളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
Comments