കാസർകോഡ്: പട്രോളിംഗ് നടത്താനിറങ്ങിയ പോലീസുകാർക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. കാസർകോട് ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. മഞ്ചേശ്വരം എസ്‌ഐ പി അനൂപിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ എസ്‌ഐയ്‌ക്ക് വലത് കൈക്ക് പൊട്ടലേറ്റു.
ഇദ്ദേഹം സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചവരിൽ രണ്ട് പേരെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമേ കണ്ടാൽ അറിയാവുന്ന മൂന്ന് പേരെ കൂടി പ്രതി ചേർത്ത് അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ പ്രദേശത്ത് പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ആളുകൾ സംഘം ചേർന്ന് നിൽക്കുന്നത് കണ്ടാണ് പോലീസ് നിർത്തിയത്. പിരിഞ്ഞ് പോകാനുള്ള പോലീസ് നിർദ്ദേശം സംഘം എതിർക്കുകയും തുടർന്ന് വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഈ സംഘത്തിന്റെ തട്ടുകട എസ്‌ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Comments