ജി20 രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥേത്വം വഹിക്കാനൊരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ് ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോൺ. പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്റെ നേർകാഴ്ചയാകും ഇത്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. പ്രഗതി മൈതാനിയിലെ 4,14 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോണുകളൊരുക്കിയിരിക്കുന്നത്.
ജനജീവിതം ലളിതമാക്കുന്നതിനും, വ്യാപാര- കച്ചവട നടപടികൾ ലഘൂകരിക്കുന്നതിനും, ഭരണ സംവിധാനങ്ങളെ സുഗമമാക്കുന്നതിനും ഇന്ത്യ നടപ്പിലാക്കിയ ലോകോത്തര സംരംഭങ്ങൾ പ്രദർശിപ്പിക്കുകയാണ് ഈ എക്‌സ്‌പോയുടെ ലക്ഷ്യം. ഇന്ത്യയിലെത്തുന്ന ലോകനേതാക്കളെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ച അമ്പരിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്. പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് എപ്രകാരം ഗുണം ചെയ്തുവെന്ന് ഇതിലൂടെ അറിയാൻ കഴിയും. ആധാർ, ഡിജിലോക്കർ, യുപിഐ, ഇ-സഞ്ജീവനി, ദീക്ഷ, ഭാഷിണി, ഒഎൻഡിസി എന്നിവയാകും എക്‌സ്‌പോയിൽ അവതരിപ്പിക്കുക.
2014 മുതൽ ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ജൈത്രയാത്രയാകും എക്‌സ്‌പോ വഴി പ്രദർശിപ്പിക്കുക. തത്സമയ പ്രദർശനങ്ങളിലൂടെ ആധാർ ഫേസ് ഓതന്റിഫിക്കേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക വൈദഗ്ധ്യം അനുഭവിക്കാവുന്നതാണ്. വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, നിയമം തുടങ്ങിയ അനവധി മേഖലകളിലെ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനായി അവതരിപ്പിച്ച സംവിധാനമാണ് ഡിജി ലോക്കർ. ഇതും എക്‌സ്‌പോയിൽ അവതരിപ്പിക്കും. ഇതിന്റെ ഉപയോഗത്തെ കുറിച്ചാകും പ്രഗതി മൈതാനിലെ എക്സ്പോയിൽ അവതരിപ്പിക്കുക. വിവിധ മേഖലകളിലുള്ള ഡോക്ടർമാരുടെ സേവനം ഓൺലൈനായി ലഭിക്കുന്ന ഇ-സഞ്ജീവനിയുടെ പതിപ്പും അവതരിപ്പിക്കും. കാർഡിയോളജി, മാനസികാരോഗ്യം, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ തുടങ്ങിയ മേഖലയിലെ ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. ഇതും ലോക നോതാക്കൾക്ക് നവ്യാനുഭവം നൽകുമെന്ന് ഉറപ്പ്.
എല്ലാ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ആറ് യുഎൻ ഭാഷകളിലും തത്സമയ വിവർത്തനം അനുഭവിക്കാൻ അനുവദിക്കുന്നതാണ് ഭാഷിണി. ഈ പ്രദർശനത്തിലൂടെ സന്ദർശകരെ വിവിധ ഭാഷകളിൽ ചോദ്യങ്ങൾ ചോദിച്ച് സംവദിക്കാൻ അവസരം നൽകും. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഭാരതത്തിന്റെ വിദ്യാ സമ്പത്തിനെ മനസിലാക്കാൻ ദീക്ഷ പോർട്ടൽ സൗകര്യമൊരുക്കും.
Comments