വയനാട്: താമരശ്ശേരിയിൽ ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അമ്പലമുക്ക് കൂരിമുണ്ടൂർ സ്വദേശി മൻസൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകർത്തത്. സംഭവം ആറിഞ്ഞെത്തിയ ഒരു യുവാവിനും താമശ്ശേരി പോലീസിനും നേരെയും മാഫിയ ആക്രമണം നടത്തി. പോലീസ് ജീപ്പിന്റെ ചില്ല് തകർക്കുകയും യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. അമ്പലംമുക്ക് സ്വദേശി ഇർഷാദിനാണ് വെട്ടേറ്റത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ അയൂബ് ടെന്റ് കെട്ടി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി മൻസൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ മൺസൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘം ആക്രമണം നടത്തിയത്.
സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിന്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments