തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച ചുടുകട്ടകൾ കൂട്ടിയിട്ട് നശിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. പാവപ്പെട്ടവർക്ക് വീട് നിർമ്മാണത്തിന് നൽകുമെന്ന് പറഞ്ഞ് ഭക്തരിൽ നിന്ന് ശേഖരിച്ച് വെച്ച് കട്ടകളാണ് മഴയും വെയിലുും കൊണ്ട് നശിക്കുന്നത്. പുത്തിരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ട കട്ടകൾ തീർത്തും ഉപയോഗ ശുന്യമായി. നാല് കൂനകളിലായി കൂട്ടിയിട്ടിരിക്കുന്ന കട്ടകൾ അശ്രദ്ധമായി കൈകാര്യം ചെയ്തത് കാരണം പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുക്കല്ല് ലൈഫ് പദ്ധതിയ്ക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യ രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നു. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം 95 ലോഡ് ചുടുകട്ടകൾ ശേഖരിച്ചുവെന്ന് തിരുവനന്തപുരം മേയർ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വേതനം നൽകി തൊഴിലാളികളെ നിർത്തിയാണ് കോർപ്പറേഷൻ കട്ട ശേഖരിച്ച് പുത്തരിക്കണ്ടത്ത് എത്തിച്ചത്. ഒന്നര ലക്ഷത്തോളം രൂപ കട്ട ശേഖരണത്തിന് മാത്രമായി കോർപ്പറേഷൻ ചെലവഴിച്ചിട്ടുണ്ട്.
ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ കുറച്ച് പേർക്ക് കട്ടകൾ വിതരണം ചെയ്തു എന്നാണ് കോർപ്പറേഷന്റെ വാദം. പുത്തിരിക്കണ്ടത്ത് കൂട്ടിയിട്ട കട്ടകൾ സംബന്ധിച്ച് ചോദ്യത്തിന് കോർപ്പറേഷന് മിണ്ടാട്ടമില്ല.
Comments