കോഴിക്കോട്: ലഹരി കടത്ത് സംഘത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഇയാളുമായി നേരത്തെ യുവതി സൗഹൃത്തിലായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ഇയാളുടെ ലഹരി കടത്ത് സംഘത്തിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ യുവതി കോഴിക്കോട് സിറ്റി പോലീസ് ഓഫീസ് കമ്മീഷണർക്ക് പരാതി നൽകി.
യുവതി നേരത്തെ സലീമുമായി സൗഹൃദത്തിലായിരുന്നു. ലഹരിക്കേസിൽ പെട്ടതോടെയാണ് യുവതി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. 2018 ൽ ബിസിനസ് നടത്താനെന്ന വ്യാജേന കോയമ്പത്തൂരിൽ നിന്നും വസ്ത്രം വാങ്ങി ഇരുവരും ട്രെയിനിൽ മടങ്ങുമ്പോൾ കോഴിക്കോട് വെച്ച് യുവതി എക്സൈസിന്റെ പിടിയിലായി. വസ്ത്രമടങ്ങിയ ബാഗിൽ നിന്നും എക്സൈസ് കഞ്ചാവ് കണ്ടെടുത്തതോടെ യുവതി ജയിലിൽ പോവുകയും ചെയ്തു. എന്നാൽ ഈ സമയത്ത് സലീം ഒളിവിൽ പോവുകയായിരുന്നു. തന്നെ സലിം ലഹരിക്കടത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്ന് യുവതി പറയുന്നു. ജയിൽ മോചിതയായ ശേഷം ഇയാൾ തന്നെ ലഹരിക്കടത്തിന് വിളിക്കുകയാണെന്നും യുവതി വ്യക്തമാക്കി.
സംഘത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും സുഹൃത്തിനെ നഗ്നനാക്കി ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ യുവതിയുടെ കുടുംബത്തെയും ഇത്തരത്തിൽ ചിത്രീകരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. യുവതി വഴങ്ങാതെ വന്നതോടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സലീം മാസങ്ങൾക്ക് മുമ്പ് ഒളവണ്ണയിലുള്ള വീട്ടിലെത്തി ആക്രമണം നടത്തിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്ന് യുവതി പറയുന്നു. അതിന് ശേഷവും പല വട്ടം ഇയാളുടെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.
Comments