ന്യൂഡൽഹി: പ്രധാനമന്ത്രി കോളോണിയിലിസത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കുകയാണെന്നും ഭാരതം എന്നാക്കാൻ ഒരു പ്രമേയത്തിന്റെയോ ഭരണഘടന ഭേദഗതിയുടെയോ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
എന്തിനാണ് ഇത്തരം ചർച്ചകളെന്ന് മനസ്സിലാകുന്നില്ലെന്നും ഭാരതം എന്നത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നിങ്ങൾക്ക് രാജ്യത്തെ ഇന്ത്യയെന്ന് പറയാം. ഏത് പേരു വേണമെങ്കിലും എടുക്കാം. എന്നാൽ നാം ഭാരതം എന്ന് ഉപയോഗിക്കണം. ഇതിൽ എന്തിനാണ് തർക്കം. ഇതിനായി ഒരു പ്രമേയമോ ഭേദഗതിയോ കൊണ്ടുവരേണ്ട ആവശ്യമില്ല. ഇന്ത്യ എന്നത് പിന്നീട് വന്ന പേരാണ്. ഭാരതം എന്നത് 5000 വർഷത്തിലേറെയായി നിലനിൽക്കുന്ന പേരാണ്.
കൊളോണിയൽ കാലഘട്ടത്തിന്റെ പിടിയിൽ നിന്ന് ജനങ്ങൾ പുറത്തുവരണം. കോൺഗ്രസിന് ഇപ്പോഴും കൊളോണിയലിസത്തോട് വിധേയപ്പെട്ട് നിൽക്കുകയാണ്. ഇപ്പോഴും അത് കുട്ടികളെ പഠിപ്പിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം കോളോണിയിലിസത്തിന്റെ ബാക്കിപത്രങ്ങൾ എല്ലാം തുടച്ചുനീക്കുകയാണ്.
ഹിന്ദുകൾക്കും ഹിന്ദുമതത്തിനും എതിരെ ആളുകൾ സംസാരിക്കുമ്പോൾ കോൺഗ്രസിന് കുഴപ്പമില്ല. ഒരു മതത്തെയും ഉന്മൂലനം ചെയ്യരുത് എന്ന പ്രസ്താവനയുമായി കോൺഗ്രസ് വരേണ്ടതായിരുന്നു. എന്നാൽ അവർ അത് ചെയ്യുന്നില്ല. പകരം അവർ അതിനെ ന്യായീകരിക്കുകയാണ്. ഗാന്ധി കുടുംബം സ്വയം അവർ കശ്മീരി ബ്രാഹ്മണരാണെന്ന് അവർ പറയുന്നു, തിരഞ്ഞെടുപ്പിന് മുമ്പ് അവർ ക്ഷേത്രങ്ങൾ സന്ദർശിക്കും. അടുത്ത ദിവസം സനാതന ധർമ്മത്തിനെതിരെ സംസാരിക്കും. തങ്ങളുടെ നേതാക്കളെ അവർ ഇതിനായി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments