ന്യൂഡൽഹി: ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെട്ടതിന് നിരവധി ഘടകങ്ങളുണ്ടെന്നും പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അസ്ഥിരതയ്‌ക്ക് ശേഷം വികസനത്തെ മുൻനിർത്തി 2014-ൽ ജനങ്ങൾ ഒരു സുസ്ഥിര സർക്കാരിനെ തിരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജി 20യിൽ ഭാരതം വിശ്വാസയോഗ്യമായ സ്ഥാനം നേടിയതെങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിവിധ മേഖലകളിലെ ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പുതിയ പരിഷ്‌കാരങ്ങൾ വഴി രാജ്യത്തിന് സാധിച്ചു. അത് ബഹിരാകാശ ശാസ്ത്രമോ സാങ്കേതികവിദ്യയോ വ്യാപാരമോ സമ്പദ്വ്യവസ്ഥയോ പരിസ്ഥിതിയോ എന്തുതന്നെയാണെങ്കിലും ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഇന്ന് ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. ഇന്ത്യയുമായി ഇടപഴകുമ്പോഴെല്ലാം അവരുടെ പുരോഗതിയിൽ പങ്കാളിയാകാൻ സാധിക്കുന്ന ഒരു ഇന്ത്യയുമായാണ് അവർ ഇടപഴകുന്നതെന്ന് ഏത് രാജ്യത്തിനും അറിയാമായിരുന്നു. അതിനോടൊപ്പം തന്നെ ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾക്ക് ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഇന്നുള്ളത് എല്ലാ ബന്ധങ്ങൾക്കും പകരം നിരവധി സംഭാവനകൾ നൽകാൻ സാധിക്കുന്ന ഇന്ത്യയാണ്. ഇന്ന് രാജ്യത്തിന്റെ സഹകരണത്തിന്റെ മുദ്രകൾ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ പോലും ഇന്ന് ഇന്ത്യയുടെ സൗഹൃദത്തിലുണ്ട്.
വികസ്വര രാജ്യങ്ങളിലേക്ക് എത്തുമ്പോൾ, എല്ലാവരും വികസ്വര ലോകത്തിന്റെ ഭാഗമായതിനാൽ ഇന്ത്യയ്‌ക്ക് അനുഭാവമുള്ള രാജ്യങ്ങളാണ് ഇവരെല്ലാം. അവരുടെ അഭിലാഷങ്ങൾ എന്താണെന്ന് ഇന്ത്യയ്‌ക്ക് അറിയാം. ജി20യുടെ എല്ലാ അവസരങ്ങളിലും ഇന്ത്യ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നുണ്ട്. ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ വികസ്വരരാജ്യങ്ങളുടെ ഉച്ചകോടി നടത്തി. ലോക ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് ഇത്. ആഫ്രിക്കയുമായി ഇന്ത്യക്കുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജി20യിലും ഇത് മുന്നോട്ടുകൊണ്ടുപോകുകയാണ് ഇന്ത്യ. ഇത് വഴി ആഫ്രിക്കയെ ജി20യിൽ ഉൾപ്പെടുത്താൻ സാധിക്കും. ലോകത്തെ ഒരു കുടുംബമായി കാണുന്ന രാജ്യമാണ് ഇന്ത്യ. ജി20യുടെ ആപ്തവാക്യം തന്നെ ഇതാണ് പറയുന്നത്. ഒരു കുടുംബത്തിലെ ഒരോ അംഗത്തിന്റെയും ശബ്ദത്തിന് പ്രാധാന്യമുണ്ട്. ലോകത്തോട് ഇന്ത്യക്ക് പറയാനുള്ള ആശയം ഇതാണ്.’ -പ്രധാനമന്ത്രി നരേന്ദ്രമോദി.
Comments