നാഗ്പൂർ: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതുവരെ സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. നാം നമ്മുടെ സ്വന്തം സഹജീവികളെ സാമൂഹിക വ്യവസ്ഥയുടെ പേരിൽ പിന്നിലാക്കിയെന്നും അവരെ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി 2,000 വർഷത്തോളം തുടർന്നു. ഇത് മാറണം. സമത്വം ഉണ്ടാകാൻ പ്രത്യേക പ്രതിവിധികൾ വേണം, സംവരണം അതിലൊന്നാണ്. വിവേചനം നിലനിൽക്കുന്നത് വരെ സംവരണം തുടരണം. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന സംവരണങ്ങൾക്ക് ആർഎസ്എസ് പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞു പോയ രാജ്യങ്ങൾ ഇന്ന് അവരുടെ തീരുമാനത്തിൽ ദുഃഖിക്കുകയാണ്. തിരിച്ചുവരാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഖണ്ഡഭാരതം എന്നത് സാധ്യമാകും. അധികം വൈകാതെ തന്നെ അത് കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷവും ആഗസ്റ്റ് 15നും ജനുവരി 26നും ആർഎസ്എസ് ദേശീയ പതാക ഉയർത്തുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ദേശീയ പതാക ഉയർത്തിയില്ലെന്ന വ്യാജ ആരോപണത്തിന് മറുപടിയായി കൂടിയാണ് ഇത് പറഞ്ഞത്. രാജ്യത്തിന്റെ അഭിമാനവും ദേശീയ പതാകയും ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിനെ നേരിടാൻ സംഘ പ്രവർത്തകർ സ്വന്തം ജീവൻ ബലി നൽകാൻ തയ്യാറാകുമെന്നും അതാണ് സംഘത്തിന്റെ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments