ചെന്നൈ: മദ്യപിച്ചത് ചോദ്യം ചെയ്തതിന് തിരൂപ്പൂരിൽ രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. പോലീസിന്റെ പിടിയിലായ വെങ്കിടേഷിനെ ഒളിപ്പിച്ച് വെച്ച ആയുധങ്ങൾ കണ്ടെത്താൻ വേണ്ടി തിരച്ചിലിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. ഇരുകാലുകളും ഒടിഞ്ഞ നിലയിൽ ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ വെടിയുണ്ടകൾ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിവരികയാണ്. ജില്ലാ എസ്പി സാമിനാഥൻ പല്ലടം സർക്കാർ ആശുപത്രിയിൽ നേരിട്ട് സന്ദർശിച്ചിരുന്നു.
ഈ കേസിൽ ഇതുവരെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വെങ്കിടേഷിന്റെ അച്ഛൻ അയ്യപ്പനെ പല്ലടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബർ മൂന്നിന് രാത്രിയിലാണ് കേസിനസപദമായ കൊല നടന്നത്. പല്ലടത്തിനടുത്ത് കല്ലക്കിണരുവിൽ സെന്തിൽ കുമാർ (47) തന്റെ ഭൂമിയിൽ മദ്യപിക്കുന്നത് കണ്ട സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടന്നത്. മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് സെന്തിൽകുമാറും അക്രമികളും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതികൾ അരിവാളുകൊണ്ട് സെന്തിൽ കുമാറിനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ വീട്ടുക്കാരെയും മദ്യപസംഘം അക്രമിച്ചു. ക്രൂരമായ ആക്രമണത്തിൽ നാലുപേരും തത്ക്ഷണം മരിച്ചു. മോഹൻരാജ്, രത്തിനാംബാൾ, പുഷ്പവതി എന്നിവരാണ് മരിച്ചത്.
അന്വേഷണത്തിൽ സെന്തിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ലോഡ് വാഹനത്തിൽ വെങ്കിടേഷ് ഡ്രൈവറായി ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാൽ വെങ്കിടേഷും രണ്ട് കൂട്ടാളികളും സെന്തിൽ കുമാറിന്റെ വീട്ടിലേക്കുള്ള വഴിയിലിരുന്നു മദ്യം കഴിക്കുന്നത് ശീലമാക്കിയിരുന്നു.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികളും കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും നിരന്തര പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്.
തുടർന്ന് ട്രിച്ചി സ്വദേശി ചെല്ലമുത്തുവിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിനെ അപലപിച്ചും തമിഴ്നാട് സർക്കാരിനെ കുറ്റപ്പെടുത്തിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാാമലൈ രംഗത്ത് വന്നിരുന്നു . സെന്തിൽ കുമാറിന്റെ സഹോദരൻ മോഹൻരാജ് ബിജെപിയുടെ മടപ്പൂർ പഞ്ചായത്ത് അദ്ധ്യക്ഷനാണ്.
Comments