ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നേരിട്ട് യുപിഐ പേയ്‌മെന്റ് എക്‌സ്പീരിയൻസിന് അവസരമൊരുക്കി കേന്ദ്രസർക്കാർ. 1,000ത്തിലധികം പ്രതിനിധികൾ തദ്ദേശീയ രീതിയിലൂടെ പേയ്മെന്റുകൾ നടത്തി യുപിഐയുടെ ലാളിത്യം മനസ്സിലാക്കും. ഇതിനായി വിദേശ പ്രതിനിധികൾക്ക് യുപിഐ വാലറ്റുകളിൽ 500-1,000 രൂപ നൽകും, ഇതിനായി ഏകദേശം 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജി20യിൽ വിദേശികളുമായുമുള്ള സുഗമമായ ആശയവിനിമയം സുഗമമാക്കുന്നതിന് കേന്ദ്രം സർക്കാർ ‘ജി 20 ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും ഭാഷകളെ പിന്തുണയ്‌ക്കുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചത്. ഉച്ചകോടിക്കിടയിൽ യുപിഐ ഉപയോഗിക്കാൻ ഇത് പ്രതിനിധികളെ സഹായിക്കും.
പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേർകാഴ്ചയേകാൻ ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോണും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. പ്രഗതി മൈതാനിയിലെ 414 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോണുകളൊരുക്കിയിരിക്കുന്നത്.
ജനജീവിതം ലളിതമാക്കുന്നതിനും, വ്യാപാര- കച്ചവട നടപടികൾ ലഘൂകരിക്കുന്നതിനും, ഭരണ സംവിധാനങ്ങളെ സുഗമമാക്കുന്നതിനും രാജ്യത്ത് നടപ്പിലാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ പ്രദർശിപ്പിക്കുകയാണ് ഈ എക്‌സ്‌പോയുടെ ലക്ഷ്യം. 2014 മുതൽ ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ജൈത്രയാത്രയാകും എക്‌സ്‌പോ വഴി പ്രദർശിപ്പിക്കുക.
Comments