ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജഹാംഗീർ മുഹമ്മദ് അമീൻ എന്ന ജഹാംഗീർ സറൂരിയുടെ ഒളിത്താവളം കണ്ടെത്തി പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം . കഴിഞ്ഞ 30 വർഷമായി ഒളിവിലായിരുന്നു ജഹാംഗീർ സറൂരി.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8,000 അടി ഉയരത്തിലാണ് ഭീകരൻ ജഹാംഗീർ ഒളിച്ചിരുന്നത്. ഈ ഒളിത്താവളത്തിൽ നിന്ന് വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷണസാധനങ്ങൾ എന്നിവയ്‌ക്കൊപ്പം മറ്റ് അവശ്യവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തു. സുരക്ഷാ സേന പ്രദേശം വളയുകയും ഊർജിത തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കിഷ്ത്വാറിലെ ഭദത് സരൂർ പ്രദേശത്തെ പാരിബാഗ് പ്രദേശത്താണ് ജഹാംഗീർ സറൂരി ഒളിച്ചിരുന്ന ഗുഹ . ഈ സ്ഥലത്ത് സാഹചര്യങ്ങൾക്കനുസരിച്ച് 7 ആളുകൾക്ക് വരെ ഒരുമിച്ച് താമസിക്കാൻ മതിയായ ഇടമുണ്ട്. ഈ പ്രകൃതിദത്ത ഗുഹയിൽ പ്രവേശിക്കാൻ വളരെ ഇടുങ്ങിയ പാതയാണുള്ളത് .
ഗുഹയുടെ ഘടന വളരെ സങ്കീർണ്ണമാണ്. ഗുഹയിലെത്താനുള്ള പാതയും വളരെ ഇടുങ്ങിയതും വളവുകളുള്ളതുമാണ്. ഗുഹയുടെ മറുവശത്ത് വായുസഞ്ചാരത്തിനുള്ള വാതിൽ പോലെ ഒരു ചെറിയ ഭാഗമുണ്ട് .കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീകരൻ ജഹാംഗീർ സറൂരി ഇവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയൊരു ഭീകരാക്രമണം നടത്താൻ സറൂരി ഇവിടെ നിന്ന് പദ്ധതിയിടുകയായിരുന്നു. സൈനികർക്കൊപ്പം സാധാരണക്കാരും സറൂരിയുടെ ലക്ഷ്യങ്ങളായിരുന്നു.
ചൊവ്വാഴ്ചയാണ് ഇവിടെ ഒരു ഭീകരൻ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചത്. പ്രദേശം വളഞ്ഞപ്പോഴേക്കും സറൂരി ഓടി രക്ഷപ്പെട്ടിരുന്നു. സേന പ്രദേശം വളയുകയും തീവ്രമായി തിരച്ചിൽ നടത്തുകയും ചെയ്തു. ഇത്തരം പ്രകൃതിദത്തമായ മറ്റ് നിരവധി ഗുഹകൾ ഈ പ്രദേശത്ത് ഉണ്ട്. സുരക്ഷാസേനയും ഇവിടെയും തിരച്ചിൽ നടത്തുന്നുണ്ട്.
ഇന്ത്യയിലെ മുൻനിര ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സറൂരി . പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ (ഐഎസ്‌ഐ) നിർദ്ദേശപ്രകാരം ഇന്ത്യയിൽ നിരവധി തീവ്രവാദ ആക്രമണങ്ങൾ സറൂരി നടത്തി. കശ്മീരിലെ യുവാക്കളെ തീവ്ര ഇസ്ലാമിക പാഠങ്ങളും ജഹാംഗീർ പഠിപ്പിക്കുന്നു. 20 ലക്ഷം രൂപ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് സറൂരി.
Comments