പത്തനംതിട്ട: കൊച്ചിയിൽ ജോലിചെയ്യുന്ന യുവാവിന്റെ പേരിൽ അടൂരിൽ നിന്നൊരു പെറ്റിക്കേസ്. സംഭവം എഐ തന്ന പണിയാണ്. ഇത്തരത്തിൽ കേസുകളുടെ എണ്ണം കൂടിയപ്പോൾ നടത്തിയ അന്വേഷണത്തിൽ താൻ അറിയാതെ തന്റെ ഉടമസ്ഥതയിൽ ബൈക്കുള്ളതായി അറിഞ്ഞു. പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറാണ് തന്റെ പേരിലുള്ള കേസുകളുടെ എണ്ണവും വ്യാപ്തിയും അറിഞ്ഞ് അന്തം വിട്ടത്.
ഓഗസ്റ്റ് 10-നാണ് ആദ്യമായി ആസിഫിന് പെറ്റിക്കേസ് നോട്ടീസ് ലഭിച്ചത്. കെഎൽ 03 ടി 1397 ബൈക്കിൽ രണ്ടുപേർ ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്ന ചിത്രം സഹിതമാണ് നോട്ടീസ് ലഭിച്ചത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ അടക്കാനും നോട്ടീസ് പറയുന്നു. പിന്നാലെ അഞ്ച് പെറ്റിക്കേസുകളും വീട്ടിലെത്തി. സംഭവത്തിൽ ദുരുഹത തോന്നിയ ആസിഫ് പത്തനംതിട്ട ആർടിഒ-യെ സമീപിച്ചു. 2010-ൽ പത്തനംതിട്ട ആർടിഒയിൽ ആസിഫിന്റെ പേരിൽ ബൈക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
എന്നാൽ ഈ കാലയളവിൽ ഇത്തരത്തിലൊരു ബൈക്ക് വാങ്ങിയിട്ടില്ലെന്ന് ആസിഫ് അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും പത്തനംതിട്ട ആർടിഒയിലും പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ അടൂർ ഭാഗത്ത് ഈ നമ്പരിലുള്ള ബൈക്ക് ഉണ്ടെന്ന് ആസിഫിന് വിവരം കിട്ടി. ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു.
ഉടമസ്ഥാവകാശം സംബന്ധിച്ച ഇക്കാര്യങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നാണ് നിലവിൽ വാഹനം ഉപയോഗിക്കുന്നവർ പോലീസിന് നൽകിയ വിവരം. ആറുവർഷം മുൻപ് സുഹൃത്തിന്റെ പക്കൽനിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളിൽനിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. പലതവണ കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരിക്കൽപോലും മാറ്റിയിട്ടുമില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments