ബെംഗളൂരു: അനധികൃതമായി മൃഗങ്ങളെ കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് വിദേശ ഇനം പാമ്പുകളെയും കാപ്പുച്ചിൻ കുരങ്ങുകളേയും പിടിച്ചെടുത്തത്. ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവെയാണ് യാത്രക്കാരൻ കസ്റ്റംസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം.
യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു നിർത്തുകയും ഇയാളുടെ സ്യൂട്ട് കേസുകൾ പരിശോധിക്കുകയുമായിരുന്നു. 55 പെരുമ്പാമ്പുകൾ, 17 മൂർഖൻ പാമ്പുകൾ, 6 കാപ്പുച്ചിൻ കുരങ്ങുകളുമാണ് ഇയാളുടെ സ്യൂട്ട് കേസിൽ നിന്ന് കണ്ടെടുത്തത്. പാമ്പുകളെ കുപ്പിയിൽ അടച്ച നിലയിലയിൽ ജീവനോടെയാണ് കണ്ടെത്തിയത്. എന്നാൽ ആറ് കുരങ്ങുകൾ ചത്ത നിലയിലായിരുന്നു.
കസ്റ്റംസ് നിയമത്തിലെ 110-ാം വകുപ്പ് പ്രകാരമാണ് മൃഗങ്ങളെ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പാമ്പുകളെ ബാങ്കോക്കിലേയ്‌ക്ക് തിരികെ എത്തിക്കും. കുരങ്ങുകളെ സംസ്‌കരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മൃഗങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
Comments