കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിനെതിരെ വീണ്ടും പോക്സോ കേസ്. ഉറങ്ങികിടന്ന കുട്ടിയെ മോഷണശ്രമത്തിനിടെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പെരുമ്പാവൂർ പോലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പുതിയ കേസിന് ആസ്പദമായ സംഭവം നടന്നത്.
ആലുവായിൽ സംഭവ ദിവസം കുട്ടിയുടെ വീട്ടിൽ പ്രതിയെത്തിയത് മോഷണത്തിനാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതിനിടെയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചത്. ആലുവയിലെ കേസിന് സമാനമായ സംഭവമാണ് പെരുമ്പാവൂരിലും റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് പ്രതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാളുടെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം ഡസനിലേറെ കേസുകളാണ്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറയുന്നു.
മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍ രാജിന്റെ ഹോബി. ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തിയ പോലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തിട്ടുണ്ട്. എട്ടുവയസുകാരിയെ പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടിച്ചത്.
Comments