ഹരിപ്പാട്: ആലപ്പുഴയിൽ പെയ്ത കനത്ത മഴയിൽ അഞ്ചംഗ കുടുംബത്തിന്റെ വീട് തകർന്നു. ചിങ്ങോലി പതിനൊന്നാം വാർഡ് അനിഴം വീട്ടിൽ സതീഷും കുടുംബവുമാണ് വീട് തകർന്നതോടെ പെരുവഴിയിലായത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്.
തകിട് ഷീറ്റും ഓടും പലകയും കൊണ്ടു നിർമിച്ച രണ്ടു മുറി വീടാണ് നിലം പൊത്തിയത്. മൂന്ന് കുട്ടികളടക്കം അഞ്ചുപേരാണ് ഈ ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. സതീഷ് കുമാറും ഭാര്യ ദീപ്തിയും മൂത്ത മകനും ശ്രീകൃഷ്ണജയന്തി ശോഭയാത്ര കാണാനായി പോയപ്പോഴാണ് വീട് തകർന്ന് വീണത്. ഇളയ കുട്ടികൾ ബന്ധുവീട്ടിലായിരുന്നു. ഇതേത്തുടർന്ന് വലിയ അപകടമാണ് ഒഴിവായത്. തയ്യൽ മെഷീനും, അലമാരയും കട്ടിലും ഉൾപ്പെടെയുളള ഗൃഹോപകരണങ്ങൾക്ക് നാശമുണ്ടായി.
സതീഷ് റോഡ് നിർമ്മാണത്തൊഴിലാളിയും ദീപ്തി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. എന്നാൽ അടുത്തിടെ ചെറിയ അപകടമുണ്ടായതിനാൽ ഒന്നരമാസത്തിലേറെയായി സതീഷ് കുമാറിനു ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധിയിലായിരിക്കെയാണ് വീട് തകർന്നത്. നിലവിൽ പൊതുപ്രവർത്തകരും നാട്ടുകാരും ഇടപെട്ട് ഏഴാം വാർഡിലുളള വാടകവീട്ടിലേക്ക് കൂടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Comments