ന്യൂഡൽഹി: ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യ ലാകത്തിന് മുഴുവൻ മാതൃകയാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം അവിശ്വസനീയ വിജയമാണ് കൈവരിച്ചത്. ഇന്ത്യ അദ്ധ്യക്ഷ പദവി വഹിക്കുന്ന ജി20 ഉച്ചകോടിയും വൻ വിജയമായി തീരും. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സംഘാടനവും ഇന്ത്യയ്‌ക്ക് മികച്ച രീതിയിൽ നടത്താൻ സാധിക്കുമെന്നും 2023 ഇന്ത്യയുടെ സുവർണ്ണ വർഷമാണെന്നും ജി20 ഉച്ചക്കോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഋഷി സുനക് എഎൻഐയ്‌ക്ക്് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
ഒട്ടനവധി കാര്യങ്ങളിൽ ഇന്ത്യ വിജയം കൈവരിക്കുകയും മുന്നേറുകയും ചെയ്യുകയാണ്. ഈ വിജയങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നു. എനിക്കും അതിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ ഈ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ് ഇവിടെയുളളവരെല്ലാവരും. യുവാക്കളിലാണ് ഇന്ത്യയുടെ ഭാവി. ഇന്ത്യയുടെ ഈ ജൈത്രയാത്രയുടെ പാതയിൽ എല്ലാവരിലും ആത്മവിശ്വാസം നിറക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സ്‌കൂൾ കുട്ടികൾക്കടക്കം വലിയ ആത്മവിശ്വാസമാണുളളത്. ലോകകാര്യങ്ങളിൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ പങ്ക് ഇവരിലൂടെയാണ് ഉറപ്പാക്കാൻ പോകുന്നത്. കുട്ടികളുടെ ആത്മവിശ്വാസവും കരുത്തും ബുദ്ധിയുമെല്ലാം ഇതിന്റെ ഭാഗമാകും. ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‌റെ ഭാഗമാകുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്- ഋഷി സുനക് പറഞ്ഞു.
Comments