തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഇൻസ്‌പെക്ടറിനെ മർദ്ദിച്ചതിന് ശേഷം ക്ലിഫിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിളിമാനൂർ സ്വദേശി ഷൈൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചയോടെ വർക്കല ഹെലിപാഡിൽ നൈറ്റ് പെട്രോളിങ്ങിനിടെയായിരുന്നു സംഭവം. പെട്രോളിങിനിടയിൽ പ്രതി ഷൈൻ വർക്കല സിഐ പി.ഒ നിജി മോനെ മർദ്ദിക്കുകയായിരുന്നു. മദ്യലഹരിയിൽ ഉണ്ടായിരുന്ന മൂന്നംഗ സംഘത്തോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട സിഐ നിജിമോനെതിരെ ഷൈൻ അസഭ്യ വർഷം നടത്തി. തുടർന്ന് ഷൈനെ പോലീസ് ജീപ്പിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കവെ പോലീസുകാരെ മർദ്ദിക്കുകയും സിഐയുടെ കൈ കടിച്ച മുറിക്കുകയും ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. പിന്നീട് വർക്കല ക്ലിഫിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായ പരിക്ക് പറ്റിയ ഷൈനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
കിളിമാനൂർ സ്വദേശിയായ ഷൈൻ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കൊലക്കേസ് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വർക്കലയിലെ ചില റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ സംഘടിക്കാറുണ്ടെന്നും, ഇവർ പോലീസിന് നേരെ ആക്രമണം നടത്തുന്ന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Comments