ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി ഇന്ന് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തും. ഭാര്യ അക്ഷതാ മൂർത്തിയും സുനകിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വൻ സുരക്ഷാ സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
തന്റെ ഹിന്ദു വേരുകളിൽ അഭിമാനം കൊള്ളുന്ന ഋഷി സുനക്, ഇന്ത്യയിലെത്തിയ വേളയിൽ ക്ഷേത്ര ദർശനം നടത്തണമെന്ന ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു. ‘ഞാൻ അഭിമാനിയായ ഒരു ഹിന്ദുവാണ്. അങ്ങനെയാണ് ഞാൻ വളർന്നത്. ഞാൻ ഇവിടെയായിരിക്കുമ്പോൾ എനിക്ക് ക്ഷേത്രം സന്ദർശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രക്ഷാബന്ധൻ ഉണ്ടായിരുന്നു. സഹോദരിയിൽ നിന്നും ബന്ധുവിൽ നിന്നും രാഖികളും ലഭിച്ചിരുന്നു. തിരക്കുകൾക്ക് ഇടയിലായിരുന്നതിനാൽ ജന്മാഷ്ടമി ആഘോഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്ര ദർശനം നടത്തിയാൽ ഈ ദുഃഖം മാറ്റാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.-മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് സുനക് പറഞ്ഞു.
ഋഷി സുനകിന് ഊഷ്മള സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്. ഇരുവരും നമസ്‌തേ പറഞ്ഞ് ആലിംഗനം ചെയ്ത് ഫോട്ടോയ്‌ക്കും പോസ് ചെയ്തു. ജയ് ശ്രീറാം വിളികളും പുറകിൽ അലയടിക്കുന്നുണ്ടായിരുന്നു. ഭാര്യയും ഡൽഹിയിലെത്തിയിട്ടുണ്ട്. ഋഷി സുനക് പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനമാണ് ഇത്.
Comments