തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യയുടെ പരാതിയെ തുടർന്നായിരുന്നു പോലീസ് കേസെടുത്തത്. സംഭവത്തിൽ ഭർത്താവ് റോണിക്കെതിരെയും ഇയാളുടെ രക്ഷിതാക്കൾക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് റോണിയുടെയും ഐശ്വര്യയുടെയും വിവാഹം നടന്നത്. സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇൻസ്‌പെക്ടർ പട്ടികയിൽ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. സ്ത്രീധനമായി നൽകിയ 175 പവൻ സ്വർണത്തിനും 45 ലക്ഷം രൂപയ്‌ക്കും പുറമെ യുവതിയുടെ രക്ഷിതാക്കളുടെ പേരിലുള്ള രണ്ടേക്കർ ഭൂമിയും റോണിയുടെ പേരിൽ എഴുതി നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് യുവതിയുടെ രക്ഷിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് റോണി ബന്ധം വേർപിരിയുന്നതിനായി കുടുംബകോടതിയിൽ കേസ് നൽകുകയും ഐശ്വര്യയെ വീട്ടിൽനിന്നും ഇറക്കി വിടുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Comments