കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥൻ യുവതിയേയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. കോഴിക്കോട് നഗരത്തിൽ ഇന്നലെ അർദ്ധരാത്രി 12.30-ഓടെയായിരുന്നു സംഭവം. നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിർദിശയിൽ വന്ന വാഹനത്തിലെ യാത്രക്കാരും സൈഡ് കൊടുക്കാത്തതിന്റെ പേരിൽ വഴക്കുണ്ടാവുകയായിരുന്നു. ഈ സംഭവത്തിൽ ഇടപെട്ടാണ് എസ്‌ഐ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചത്.
എതിർദിശയിൽനിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവർ മോശമായാണ് സംസാരിച്ചത്. അവർ തന്നെയാണ് പോലീസിനെ വിളിച്ച് വരുത്തിയതും. തുടർന്ന് ബൈക്കിലാണ് എസ്‌ഐ സംഭവ സ്ഥലത്തെത്തിയത്. മദ്യലഹരിയിൽ മറ്റൊരാൾക്കൊപ്പമായിരുന്നു എസ്‌ഐ വിനോദ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് കാറിന്റെ ഡോർ വലിച്ച് തുറന്ന് തന്നെയും കുടുംബത്തേയും പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാൾ, ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
എസ്.ഐക്കൊപ്പം ബൈക്കിൽവന്നയാൾ സ്വകാര്യഭാഗങ്ങളിൽ കയറിപ്പിടിച്ചെന്നും മർദ്ദിച്ചെന്നും യുവതി ആരോപിക്കുന്നു. എസ്.ഐയുടെ മർദ്ദനത്തിൽ യുവതിയുടെ ഭർത്താവിനും 11 വയസുള്ള കുട്ടിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യുവതിയും കുടുംബവും കാക്കൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു.
Comments