ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ അത്യുജ്ജ്വല വിജയത്തിന് ശേഷം ഭാരതത്തെ വാനോളം പ്രശംസിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. 100 ശതമാനം സമവായത്തോടെ ജി20 ഉച്ചകോടി വിജയകരമായി പരിസമാപിച്ചപ്പോൾ അദ്ധ്യക്ഷ പദത്തിന്റെ വിജയമായാണ് പല മാദ്ധ്യങ്ങളും റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ ദക്ഷിണേഷ്യയുടെ ശബ്ദമായി ഭാരതം ഉയർന്നുവരുന്നതിനെ കുറിച്ചും രാജ്യം ആഗോളതലത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രത്യേകം അഭിനന്ദിച്ചാണ് ‘വാഷിംഗ്ടൺ പോസ്റ്റ്’ രംഗത്ത് വന്നത്. ആഗോള ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും വികസനപരമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായം ഉണ്ടാക്കുന്നതിലും നരേന്ദ്രമോദി പൂർണ്ണമായും വിജയിച്ചെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. ‘ഭിന്നിച്ച ലോകശക്തികൾക്കിടയിൽ വിട്ടുവീഴ്ച ഉണ്ടാക്കാൻ ജി20 ഉച്ചകോടിയിൽ ഇന്ത്യയ്‌ക്ക് സാധിച്ചു, മോദിയുടെ നയതന്ത്ര വിജയം’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
‘വൈവിധ്യത്തിനിടയിലും ലോകത്തിന്റെ ഐക്യത്തെ എങ്ങനെ ജി20 ഉച്ചകോടി രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെയാണ് ദുബായ് ആസ്ഥാനമായുള്ള മാദ്ധ്യമ സ്ഥാപനമായ ‘ഗൾഫ് ന്യൂസ്’ വാർത്ത നൽകിയത്.
പുതിയ ലോകക്രമത്തിന്റെ സുപ്രധാന ശക്തിയാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ കുറിച്ചാണ് ‘ദി ടെലഗ്രാഫ്’ ദിനപത്രം ലേഖനമെഴുതിയത്. ഉച്ചകോടിയിൽ കാലാവസ്ഥാ പ്രതിസന്ധി പോലുള്ള പൊതുവായ വെല്ലുവിളികളെ ഒന്നിച്ച് നേരിടാനുള്ള ആഗോള ഐക്യത്തിന് ഇന്ത്യയുടെ അദ്ധ്യക്ഷപദം പ്രാധാന്യം നൽകിയെന്ന് ഖത്തർ ആസ്ഥാനമായുള്ള ‘അൽ ജസീറ’ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ പ്രതിസന്ധി, സംഘർഷം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമുണ്ടാക്കാൻ ജി20 ഗ്രൂപ്പിന് കഴിയുമെന്ന് ഈ വർഷത്തെ ഉച്ചകോടി തെളിയിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച പറഞ്ഞിരുന്നു. കൂടാതെ ന്യൂഡൽഹിയിലെ ജി20 ഉച്ചകോടിയെ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഇന്ത്യൻ പ്രസിഡൻസി ആഗോള ഏകീകരണം യഥാർത്ഥ്യമാക്കിയെന്നും പറഞ്ഞു.
Comments