മുംബൈ : അഭിനയത്തിന് പുറമെ വിവാദ പ്രസ്താവനകളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് നടനാണ് നസീറുദ്ദീൻ ഷാ . കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കുന്ന കാശ്മീർ ഫയൽസ് എന്ന ചിത്രം ഹിറ്റായതിൽ താൻ അസ്വസ്ഥനാണെന്നാണ് ഇപ്പോൾ നസിറുദ്ദീൻ ഷാ പറയുന്നത്. ടെന്നീസ് താരം സാനിയ മിർസ പാവാടയിട്ടതിനെ കുറിച്ച് ‘മുല്ലമാർ’ എന്തെങ്കിലും പറയുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ‘ദി കേരള സ്റ്റോറി’, ‘ഗദർ 2’ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടില്ല. എന്നാൽ എന്തൊക്കെ വിഷയങ്ങളിലാണ് ഇവ ഉണ്ടാക്കിയതെന്ന് എനിക്കറിയാം. ‘ദി കശ്മീർ ഫയൽസ്’ പോലുള്ള സിനിമകൾ അത്രയധികം ജനപ്രീതി നേടിയതാണ് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം. അതേ സമയം സുധീർ മിശ്ര, അനുഭവ് സിൻഹ, ഹൻസൽ മേത്ത തുടങ്ങിയവരുടെ സിനിമകളും ഉണ്ട്. ഈ ആളുകൾ അവരുടെ കാലത്തെ സത്യം കാണിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവ കാണാൻ ആളുമില്ല ”
“ഇപ്പോൾ പ്രധാനം ഈ സിനിമാ പ്രവർത്തകർ ധൈര്യം കൈവിടാതെ സിനിമകൾ ചെയ്യുന്നത് തുടരുക എന്നതാണ്. നൂറ് വർഷങ്ങൾക്ക് ശേഷം ആളുകൾ ‘ഭീദ്’, ‘ഗദർ 2’ എന്നിവയും കാണും. നമ്മുടെ കാലത്തെ സത്യം കാണിക്കുന്ന സിനിമ ഏതെന്ന് അപ്പോൾ അവർക്കറിയാം. ഒരു കാരണവുമില്ലാതെ എല്ലാ തെറ്റായ കാര്യങ്ങളും ശരിയാക്കുകയും മറ്റ് സമുദായങ്ങളെ തരംതാഴ്‌ത്തുകയും ചെയ്യുന്ന സിനിമകൾ സിനിമാ പ്രവർത്തകർ നിർമ്മിക്കുന്നത് അങ്ങേയറ്റം ഭയാനകമാണ്. ഇതൊരു അപകടകരമായ പ്രവണതയാണ്.”
തന്റെ കുടുംബജീവിതത്തെക്കുറിച്ചും നസീറുദ്ദീൻ ഷാ അഭിമുഖത്തിൽ പറയുന്നുണ്ട് “എനിക്ക് 10 വയസ്സുള്ളപ്പോൾ, നിങ്ങൾ ഏത് സ്കൂളിലാണ് പഠിച്ചതെന്ന് ഞാൻ എന്റെ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു, തന്നെ ആരും സ്കൂളിൽ അയച്ചിട്ടില്ല. അമ്മൂമ്മയുടെ 15 മക്കളിൽ രണ്ടാമത്തെയാളായിരുന്നു അമ്മ. അവർക്ക് 35 വയസ്സ് വരെ കുട്ടികളുണ്ടായതല്ലാതെ അവർ ഒന്നും ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് 14 വയസ്സുള്ളപ്പോൾ വിവാഹിതയായി, 15 വയസ്സിൽ ആദ്യത്തെ കുട്ടി ജനിച്ചു.
പാവാടയും ബുർഖയും ധരിച്ച സാനിയ മിർസയെക്കുറിച്ചുള്ള ഇസ്ലാമിക മതമൗലികവാദികളുടെ അഭിപ്രായത്തെക്കുറിച്ചും നസീറുദ്ദീൻ ഷാ പ്രതികരിച്ചു, “പർദ എന്നാൽ സ്ത്രീയെ ആരും നോക്കാൻ കഴിയാത്തവിധം മൂടിക്കെട്ടി ആകൃതിയില്ലാത്ത കെട്ടായി മാറ്റണമെന്നല്ല അർത്ഥമാക്കുന്നത്. അതിനർത്ഥം നിങ്ങൾ ആവശ്യമില്ലാത്ത ഇടത്തേക്ക് നോക്കരുത് എന്നാണ്. അതുകൊണ്ടാണ് ടെന്നീസ് കളിക്കുമ്പോൾ പാവാട ധരിച്ച സാനിയ മിർസയെ മുല്ല വിമർശിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നത്. നീ എന്തിനാ അവളുടെ പാവാടയിൽ നോക്കുന്നത്? അതിനർത്ഥം നിങ്ങൾ കുറ്റക്കാരനും വൃത്തികെട്ട മനസ്സുള്ളവനുമാണ് എന്നാണ് – നസിറുദ്ദീൻ ഷാ പറഞ്ഞു.
Comments