ന്യൂഡൽഹി: ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എസ് എന്‍ സി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവെച്ചത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വെെദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കുന്നതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. എന്നാൽ 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. പിണറായി വിജയൻ, മുൻ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ 33-ാം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റി വച്ചത്.
പിണറായി വിജയൻ, മുൻ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജി പരിഗണനയിലാണ്. ഒപ്പം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Comments